പിന്നോട്ടില്ലെന്നു ടികായത്: ഗുസ്തിതാരങ്ങൾക്ക് കർഷകരുടെ പിന്തുണ
Friday, June 2, 2023 1:07 AM IST
ന്യൂഡൽഹി: ഗുസ്തിതാരങ്ങൾക്ക് നീതി ഉറപ്പാകുന്നതുവരെ സമരത്തിൽനിന്നു പിന്നോട്ടില്ലെന്ന് കർഷകനേതാവ് രാകേഷ് ടികായത്. ഗുസ്തിതാരങ്ങളുടെ പ്രശ്നം ബോധിപ്പിക്കുന്നതിന് ഖാപ് പ്രതിനിധി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ടികായത് പറഞ്ഞു.
സമരത്തിന് പിന്തുണ തേടി രാജ്യാന്തര കായിക കൂട്ടായ്മകളെ ഉൾപ്പെടെ സമീപിക്കുന്നതിനാണു തീരുമാനം. ഇന്നലെ നടന്ന ഖാപ് പഞ്ചായത്ത് വേദിയിൽ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ആരോപണവിധേയനായ ബ്രിജ് ഭൂഷൺ ശരണ് സിംഗിന്റെ കോലം കത്തിച്ചു.
ബ്രിജ് ഭൂഷണെ അഞ്ചു ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നും അറസ്റ്റുണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്നും ഗുസ്തിതാരങ്ങൾ എന്തു തീരുമാനമെടുത്താലും അവർക്കൊപ്പം നിൽക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. ഖാപ് നേതാക്കളും കർഷകരും താരങ്ങൾക്ക് പിന്തുണയുമായെത്തിയ സാഹചര്യത്തിൽ സമരരൂപം തീർച്പ്പെടുത്തുന്നതിന് ഇന്ന് ഹരിയാനയിലെ കുരുക്ഷേത്രയിൽ യോഗം ചേരും.
അതേസമയം, ഗുസ്തിതാരങ്ങൾക്ക് കർഷകരുടെയും ഖാപ് നേതാക്കളുടെയും പിന്തുണ വർധിക്കുന്നത് ഹരിയാനയിലെ ബിജെപി നേതൃത്വത്തെ സമ്മർദത്തിലാക്കി. സമരത്തിനു നേതൃത്വം നൽകുന്ന ഗുസ്തിതാരങ്ങളായ സാക്ഷി മാലിക്, ബജ്രംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവർ ഹരിയാന സ്വദേശികളാണെന്നതും ഗുസ്തിതാരങ്ങളുടെ സമരം ഇതിനോടകം ഹരിയാനയിൽ ബിജെപി വിരുദ്ധ വികാരത്തിന് കാരണമാക്കിയെന്നുള്ളതും ബിജെപി സംസ്ഥാന നേതൃത്വത്തെ ആശങ്കയിലാക്കുന്നു. മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ഒരുങ്ങിയ ഗുസ്തിതാരങ്ങളുടെ അവസ്ഥയിൽ ഖേദിക്കുന്നുവെന്ന് ഹരിയാനയിലെ ഹിസാർ ലോക്സഭ എംപി ബ്രിജേന്ദ്ര സിംഗ് ട്വിറ്ററിൽ പ്രതികരിച്ചിരുന്നു.
സംസ്ഥാന ബിജെപി നേതൃത്വത്തിൽനിന്ന് ഗുസ്തിതാരങ്ങളുടെ വിഷയത്തിൽ ഔദ്യോഗിക പ്രതികരണങ്ങളുണ്ടായില്ലെങ്കിലും ബിജെി നേതാവ് ബ്രിജേന്ദ്ര സിംഗിന്റെ പ്രതികരണം ഗുസ്തിതാരങ്ങളുടെ സമരത്തിന് ലഭിക്കുന്ന ജനപിന്തുണയാണ് വെളിവാക്കുന്നത്.
ബ്രിജേന്ദ്ര സിംഗിനു പുറമേ ഗുസ്തിതാരങ്ങൾക്ക് പിന്തുണയറിയിച്ച് ഹരിയാന ആഭ്യന്തര മന്ത്രി അനൽ വിജ്ജും പ്രതികരിച്ചിരുന്നു. കായികമന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന തനിക്ക് ഗുസ്തിതാരങ്ങളുടെ പരാതിയുടെ ഗൗരവമറിയാമെന്നും ബ്രിജ് ഭൂഷൺ സിംഗിന്റെ വിഷയത്തിൽ പൂർണമായും താരങ്ങൾക്ക് ഒപ്പമാണെന്നും താരങ്ങൾക്ക് കഴിയുന്ന എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും അനിൽ വിജ് പറഞ്ഞിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പും ഹരിയാന നിയമസഭ തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഗുസ്തിതാരങ്ങളുടെ സമരം ഹരിയാനയിൽ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഗുസ്തിതാരങ്ങളുടെ പ്രതിഷേധം ഹരിയാനയിൽ ഉണ്ടാക്കുന്ന ഭരണവിരുദ്ധ വികാരം ആയുധമാക്കി കോണ്ഗ്രസ് ഹരിയാനയിൽ പ്രവർത്തിക്കുന്നതും ബിജെപിക്ക് കൂടുതൽ വെല്ലുവിളിയാകുന്നു.
എന്നാൽ ബിജെപിയുടെ ഔദ്യാഗിക നിലപാടിന് വിരുദ്ധമായി ഗുസ്തിതാരങ്ങളുടെ വിഷയത്തിൽ പൊതുപ്രസ്താവനകൾ നടത്തുന്നതിന് സംസ്ഥാനനേതൃത്വം തയാറായിട്ടില്ല.