നീതിക്കായുള്ള ഗുസ്തിതാരങ്ങളുടെ സമരത്തിന്റെ ഭാവിയിൽ ഉദ്വേഗം
Wednesday, May 31, 2023 1:30 AM IST
ന്യൂഡൽഹി: ഗുസ്തിയിൽ ഇന്ത്യയുടെ അഭിമാനതാരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവർ കഴിഞ്ഞ 35 ദിവസങ്ങളായി മറ്റു ഗുസ്തിതാരങ്ങൾക്കൊപ്പം ജന്തർ മന്തറിൽ സമരത്തിലായിരുന്നു.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരണ്‍ സിംഗിനെതിരായ ലൈംഗികാരോപണത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ടാണു പ്രതിഷേധം.
എന്നാൽ, ഉത്തർപ്രദേശിൽനിന്നുള്ള കരുത്തുറ്റ ബിജെപി നേതാവ് ബ്രിജ്ഭൂഷണു മേൽ ഇതുവരെ ആരോപണത്തിന്റെ നിഴലോ അന്വേഷണത്തിന്റെ വെളിച്ചമോ വീശിയിട്ടില്ല.
എന്നാൽ, ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരേ കലാപത്തിനും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുക്കുകയും ചെയ്തു.
ജന്തർ മന്ദറിൽനിന്ന് ഒഴിപ്പിച്ചതിനു പിന്നാലെ തിങ്കളാഴ്ച മുഴുവൻ ഗുസ്തിതാരങ്ങൾ സമരത്തിന്റെ ഭാവി രൂപീകരണത്തെക്കുറിച്ചുള്ള ആലോചനകളിലായിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ തങ്ങൾ മരണം വരെ ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കുമെന്ന് സാക്ഷി മാലിക് പ്രഖ്യാപിച്ചത്.