ജഡ്ജിമാരെ ആക്ഷേപിക്കാൻ അനുവദിക്കില്ലെന്നു സുപ്രീംകോടതി
Wednesday, May 31, 2023 1:30 AM IST
ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് ആർക്കുംതന്നെ ജഡ്ജിമാരെ അപകീർത്തിപ്പെടുത്താനാകില്ലെന്നു സുപ്രീംകോടതി. ജില്ലാ ജഡ്ജിക്കെതിരേ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയെ പത്തു ദിവസത്തെ തടവിനു വിധിച്ച മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്നു വ്യക്തമാക്കിയാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഒരു വ്യക്തിക്ക് തന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഉത്തരവ് കോടതിയിൽനിന്നു ലഭിച്ചില്ലെങ്കിൽ ജഡ്ജിയെ അപമാനിക്കാമെന്ന് അതുകൊണ്ട് അർത്ഥമാക്കുന്നില്ല.
ജുഡീഷറിയുടെ സ്വാതന്ത്ര്യമെന്നു പറയുന്നത് ഭരണ സംവിധാനങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യം മാത്രമല്ല, മറിച്ച് പുറമേനിന്നുള്ള ഇത്തരം ഇടപെടലുകളിൽ നിന്നുള്ള സ്വാതന്ത്ര്യം കൂടിയാണെന്ന് ജസ്റ്റീസുമാരായ ബേല എം. ത്രിവേദി, പ്രശാന്ത് കുമാർ മിശ്ര എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
ഒരു ജഡ്ജിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിനുമുന്പ് രണ്ടു വട്ടം ആലോചിക്കണം. ജഡ്ജിക്കെതിരേ ആരോപണം ഉന്നയിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ പ്രതിച്ഛായ പ്രതി കളങ്കപ്പെടുത്തുകകൂടി ചെയ്തുവെന്നും ത്രിവേദി ചൂണ്ടിക്കാട്ടി.
തടവുശിക്ഷ ഒഴിവാക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി തള്ളി. വിഷയം വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നും തന്റെ കക്ഷി മേയ് 27 മുതൽ ജയിലിലാണെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ നിയമപരമായ തീരുമാനങ്ങളെടുക്കുകയാണ് കോടതിയുടെ ചുമതലയെന്നും തങ്ങൾ ഇതുപോലുള്ള ആളുകളോട് ദയ കാണിക്കാൻ ഇരിക്കുകയല്ലെന്നും കോടതി വ്യക്തമാക്കി.
ജില്ലാ ജഡ്ജിക്കെതിരേ അഴിമതിയാരോപണങ്ങൾ പരസ്യമായി ഉന്നയിച്ചതിൽ മധ്യപ്രദേശ് ഹൈക്കോടതി കൃഷ്ണകുമാർ രഘുവൻശി എന്ന വ്യക്തിക്കെതിരേ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു തർക്ക വിഷയത്തിലുണ്ടായ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് രഘുവൻശി എന്നയാൾ ജഡ്ജിക്കെതിരായ ആരോപണങ്ങൾ വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ചത്.