ഇപ്പോഴും താൻ ആർഎസ്എസ്: കോൺഗ്രസ് എംഎൽഎ തമ്മയ്യ
Wednesday, May 31, 2023 1:30 AM IST
ബംഗളൂരു: താൻ ഇപ്പോഴും ആർഎസ്എസിന്റെ പ്രവർത്തകനാണെന്നും ഇതിൽ അഭിമാനിക്കുന്നുവെന്നും കർണാടകയിലെ കോൺഗ്രസ് എംഎൽഎ എച്ച്.ഡി. തമ്മയ്യ.
ആർഎസ്എസിനെ സംസ്ഥാനത്തു നിരോധിക്കണമെന്ന മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന ചർച്ചയായിരിക്കുന്ന വേളയിൽത്തന്നെ തമ്മയ്യയുടെ പരാമർശം കോൺഗ്രസിനു തലവേദനയായിരിക്കുകയാണ്.
സീറ്റു ലഭിക്കാതിരുന്നതിനെത്തുടർന്ന് ബിജെപിയിൽനിന്നു കോൺഗ്രസിലെത്തിയ തമ്മയ്യ ചിക്കമംഗലൂരു മണ്ഡലത്തിൽനിന്നാണു നിയമസഭയിലെത്തിയത്. "15 വർഷക്കാലം ബിജെപിക്കാരനായിരുന്ന ഞാൻ ആർഎസ്എസ് എന്ന നിലയിൽ അഭിമാനം കൊള്ളുന്നു.
എങ്കിലും, ഞാൻ ഇപ്പോൾ കോൺഗ്രസ് എംഎൽഎയാണ്. എല്ലാവിഭാഗങ്ങളോടും മതനിരപേക്ഷ നിലപാടാണ് എനിക്കുള്ളത്’- ചിക്കമംഗലുരുവിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ തമ്മയ്യ പറഞ്ഞു.