മുഹമ്മദ് ഇഖ്ബാലും സിലബസിനു പുറത്ത്
Sunday, May 28, 2023 3:00 AM IST
ന്യൂഡൽഹി: സാരെ ജഹാം സേ അച്ഛാ എന്നു തുടങ്ങുന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവ് മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം സിലബസിൽനിന്നു നീക്കം ചെയ്യാൻ തീരുമാനിച്ച് ഡൽഹി സർവകലാശാല.
പാക്കിസ്ഥാൻ ദേശീയ കവി മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കാനുള്ള പ്രമേയം സർവകലാശാല അക്കാദമിക് കൗണ്സിൽ പാസാക്കി. ആറാം സെമസ്റ്റർ ബിഎ പൊളിറ്റിക്കൽ സയൻസിന്റെ "ആധുനിക ഇന്ത്യൻ രാഷ്ട്രീയ ചിന്ത’ എന്ന തലക്കെട്ടിലുള്ള അധ്യായമാണ് നീക്കുന്നത്. വിഷയത്തിൽ ജൂണ് ഒന്പതിന് നടക്കുന്ന സർവകലാശാല എക്സിക്യൂട്ടീവ് കൗണ്സിൽ യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുക.
സർവകലാശാലയുടെ 1014-ാമത് അക്കാദമിക് കൗണ്സിൽ യോഗത്തിൽ ബിരുദ കോഴ്സിനെക്കുറിച്ചുള്ള ചർച്ചയിലാണു തീരുമാനം. ഇന്ത്യയെ തകർക്കാൻ അടിത്തറയിട്ടവർ സിലബസിൽ ഉണ്ടാകരുതെന്ന് വൈസ് ചാൻസലർ പ്രഫ. യോഗേഷ് സിംഗ് പറഞ്ഞു. വൈസ് ചാൻസലറുടെ നിർദേശം യോഗമൊന്നടങ്കം പാസാക്കുകയായിരുന്നു.
കോഴ്സിന്റെ ഭാഗമായി ചിന്തകരെ സംബന്ധിക്കുന്ന 11 പാഠഭാഗങ്ങളാണുള്ളത്. അതിലൊന്നാണു മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള അധ്യായം. റാംമോഹൻ റോയ്, പണ്ഡിത രമാഭായി, സ്വാമി വിവേകാനന്ദൻ, മഹാത്മാഗാന്ധി, ഭീംറാവു അംബേദ്കർ എന്നിവരെ സംബന്ധിക്കുന്നതാണ് മറ്റ് അധ്യായങ്ങൾ.