"രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുത് ' വിദ്വേഷ പ്രസംഗത്തിൽ സുപ്രീംകോടതി
Thursday, March 30, 2023 1:54 AM IST
ന്യൂഡൽഹി: രാഷ്ട്രീയവും മതവും രണ്ടാണെന്നും തമ്മിൽ കൂട്ടിക്കലർത്തരുതെന്നും സുപ്രീംകോടതി. രാഷ്ട്രീയക്കാർ മതത്തെ രാഷ്ട്രീയ പ്രവർത്തനത്തിനുവേണ്ടി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും മതവുമായി ബന്ധപ്പെടുത്തിയുള്ള രാഷ്ട്രീയ പ്രസംഗങ്ങൾ അവസാനിപ്പിക്കണമെന്നും ജസ്റ്റീസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചു.
രാഷ്ട്രീയവും മതവും തമ്മിൽ വേർതിരിച്ചു കണ്ടാൽത്തന്നെ വിദ്വേഷ പ്രസംഗങ്ങൾക്ക് അവസാനമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗങ്ങൾക്കെതിരേ നടപടി ആവശ്യപ്പെട്ടു നൽകിയ ഹർജികളിലാണ് സുപ്രീംകോടതി നിർദേശം.
വിദ്വേഷ പ്രസംഗങ്ങളിൽ കോടതിക്ക് എത്രപേർക്കെതിരേ വ്യക്തിപരമായി നടപടിയെടുക്കാൻ കഴിയും. ഇന്ത്യപോലുള്ള രാജ്യത്ത് ഒരു പൗരനോ സമുദായത്തിനോ എതിരായി വിദ്വേഷ പ്രസ്താവനകൾ നടത്തില്ലെന്ന് ആളുകൾക്കു പ്രതിജ്ഞയെടുത്തുകൂടേയെന്നും കോടതി ചോദിച്ചു. ടെലിവിഷനിലും മറ്റു വേദികളിലും ഓരോ ദിവസവും ഇത്തരം സംഘങ്ങൾ എത്രമാത്രം വിദ്വേഷ പ്രസ്താവനകളാണു പ്രതിദിനം നടത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.
പാക്കിസ്ഥാനിലേക്ക് പോകൂവെന്ന് ചിലർ പ്രസംഗിക്കുന്നു. ഈ രാജ്യത്തെ തെരഞ്ഞെടുത്ത സഹോദരങ്ങളോടാണ് ഇങ്ങനെ പറയുന്നതെന്ന് ഓർക്കണമെന്നു കോടതി പറഞ്ഞു. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയ് എന്നിവരുടെ പ്രസംഗങ്ങൾ കേൾക്കാൻ വിദൂരപ്രദേശങ്ങളിൽനിന്ന് ആളുകൾ ഒത്തുകൂടിയിരുന്നു. അവർ നല്ല പ്രഭാഷകരായിരുന്നു, എന്നാൽ ഇപ്പോൾ തീവ്രസ്വഭാവക്കാർ നടത്തുന്ന വിദ്വേഷപ്രസംഗങ്ങളാണു കേൾക്കുന്നതെന്നും കോടതി വിമർശിച്ചു.
അതേസമയം വാദത്തിനിടെ ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് ജാഥയിൽ വിദ്വാർഥിയെക്കൊണ്ടു വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ കേരളത്തിനു നോട്ടീസ് അയയ്ക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. സംഭവത്തിൽ കേരളം സ്വീകരിച്ച നടപടികൾ വിശദീകരിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.