പ്രതിരോധത്തിലായ ബിജെപി രാഹുലിനെതിരേ പ്രചാരണത്തിന്
Sunday, March 26, 2023 1:35 AM IST
ന്യൂഡൽഹി: രാഹുൽഗാന്ധിക്കെതിരേ രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് ബിജെപി. രാഹുൽ ഒരു സമുദായത്തെ അപമാനിച്ചുവെന്നും കോടതി ആവശ്യപ്പെട്ടിട്ടും മാപ്പു പറയാൻ തയാറായില്ലെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. രാഹുൽഗാന്ധിയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നുണ പറയുന്നതും ദുരാരോപണങ്ങൾ ഉന്നയിക്കുന്നതും രാഹുലിന്റെ ശീലമാണ്. രക്തസാക്ഷി പരിവേഷത്തിനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. മാനനഷ്ടക്കേസിൽ രാഹുൽഗാന്ധിയെ ശിക്ഷിച്ചതും തുടർന്നുള്ള അയോഗ്യതയും അദാനി ഗ്രൂപ്പ് വിഷയം ഉന്നയിച്ചതുമായി ബന്ധപ്പെട്ടതാണെന്ന വാദം രവിശങ്കർ പ്രസാദ് തള്ളി. രാഹുൽ ഒബിസി വിഭാഗത്തെ അപമാനിച്ചുവെന്നും ഈ വിഷയം രാജ്യത്തുടനീളമുള്ള ബിജെപി പ്രവർത്തകർ ഗൗരവത്തോടെ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംപിസ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരേ രാഹുൽഗാന്ധി ആഞ്ഞടിച്ചതോടെയാണ് മറുപടിയുമായി രവിശങ്കർ പ്രസാദ് എത്തിയത്.
രാഹുൽഗാന്ധിയുടേത് വ്യാജ ആരോപണങ്ങളാണെന്നും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചുവെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു. ലോക്സഭയിൽനിന്ന് അയോഗ്യനാക്കുന്ന ആദ്യ അംഗമല്ല രാഹുൽ. ബിജെപി എംപിമാരെപ്പോലും അയോഗ്യരാക്കിയിട്ടുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.