കൊളീജിയം സംവിധാനത്തിനെതിരേ ഉപരാഷ്ട്രപതി
Sunday, December 4, 2022 12:54 AM IST
ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിനായി ഉണ്ടായിരുന്ന നാഷണൽ ജുഡീഷൽ അപ്പോയിന്റ്മെന്റ് കമ്മീഷൻ നിർത്തിലാക്കിയതിനെതിരേ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ.
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിനെ വേദിയിലിരുത്തിയായിരുന്നു ധൻകറിന്റെ വിമർശനം. എൻജെഎസി സംവിധാനം നീക്കം ചെയ്തത് ഒരു ഗുരുതര വിഷയമാണെന്നും ധൻകർ പറഞ്ഞു.
ജനങ്ങളുടെ ഇച്ഛയനുസരിച്ച് പാർലമെന്റ് പാസാക്കിയ ഒരു നിയമം സുപ്രീംകോടതി ഇടപെട്ട് ഇല്ലാതാക്കി. ഭരണഘടനയുടെ ആമുഖത്തിൽ ജനങ്ങളാൽ എന്നാണു പറയുന്നത്. ആ ജനങ്ങളുടെ ഇച്ഛയാണ് പാർലമെന്റ് പറയുന്നത്. അധികാരം എന്നു പറയുന്നത് ജനങ്ങളിലാണ്. അവരുടെ ഭൂരിപക്ഷവും വിവേകവുമാണ് അധികാരത്തെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൻജെഎസി നിയമം പാർലമെന്റിന്റെ ഇരുസഭകളിലും ഐകകണ്ഠ്യേന പാസായതായിരുന്നു.
ഇക്കാര്യമാണ് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടിയത്. അപ്രകാരം പാസായ ഒരു നിയമം കോടതി ഇല്ലാതാക്കിയതു ലോകത്തെവിടെയും കേട്ടുകേൾവി ഇല്ലാത്ത കാര്യമാണെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
എൻജെഎസി നീക്കം ചെയ്തിട്ടാണ് സുപ്രീംകോടതി കൊളീജിയം സംവിധാനം ഏർപ്പെടുത്തിയത്. ജഡ്ജിമാരുടെ നിയമനങ്ങൾക്കായി അവർ ഒരു വരേണ്യ ജുഡീഷൽ സംവിധാനം രൂപീകരിച്ചു എന്നാണ് ധൻകർ ഇതേക്കുറിച്ചു പറഞ്ഞത്. എൽ.എം സിംഗ്വി അനുസ്മരണ പ്രഭാഷണ പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി.