മഹാഗഡ് ബന്ധൻ സർക്കാർ ബിജെപിയുടെ കരണത്തേറ്റ അടിയെന്ന് തേജസ്വി യാദവ്
Saturday, August 13, 2022 2:59 AM IST
ന്യൂഡൽഹി: ബിഹാറിൽ മഹാഗഡ്ബന്ധൻ സർക്കാർ രൂപവത്കരിക്കാനുള്ള നിതീഷ്കുമാറിന്റെ തീരുമാനം ബിജെപിയുടെ കരണത്തേറ്റ അടിയാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ഇന്നലെ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ എന്നിവരുമായും തേജസ്വി കൂടിക്കാഴ്ച നടത്തി. “പ്രാദേശികപാർട്ടികളെ നശിപ്പിക്കാനാണു ബിജെപി ശ്രമിക്കുന്നത്. പിന്നാക്കക്കാരുടെയും ദളിതരുടെയും പാർട്ടികളാണ് പ്രാദേശിക പാർട്ടികൾ. നിതീഷ്കുമാറിനെ ഇല്ലാതാക്കാൻ ബിജെപി ശ്രമിച്ചു.
രാം വിലാസ് പസ്വാന്റെ പാർട്ടിയിൽ ബിജെപി ഭിന്നിപ്പുണ്ടാക്കി. പ്രാദേശിക പാർട്ടികൾ ഇല്ലാതായാൽ പ്രതിപക്ഷം ഇല്ലാതാകും. അതോടെ ജനാധിപത്യവും ഇല്ലാതാകും. ബിഹാർ സർക്കാർ ശക്തമായി മുന്നോട്ടുപോകും.
ഇതു പാവപ്പെട്ടവരുടെ സർക്കാരാണ്, ജനങ്ങളുടെ സർക്കാരാണ്. ബിഹാറിൽ ബിജെപിക്കെതിരേ എല്ലാ പാർട്ടികളും യോജിച്ചതു രാജ്യം മുഴുവൻ സംഭവിക്കാൻ പോകുകയാ ണ് ”-തേജസ്വി പറഞ്ഞു.