പരമേശ്വരൻ അയ്യർ നിതി ആയോഗ് ചെയർമാൻ
Saturday, June 25, 2022 1:12 AM IST
ന്യൂഡൽഹി: നയപരമായ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനു മാർഗനിർദേശം നൽകുന്ന നിതി ആയോഗ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്ഫോമിംഗ് ഇന്ത്യ) മേധാവിയായി മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പരമേശ്വരൻ അയ്യർ ചുമതലയേൽക്കും. ഇപ്പോഴത്തെ ചെയർമാൻ അമിതാഭ് കാന്തിന്റെ സേവന കാലാവധി ജൂണിൽ അവസാനിക്കും.
അദ്ദഹം ആറു വർഷമായി ചെയർമാനാണ്. കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറിയും സ്വച്ഛ് ഭാരത് പദ്ധതിയുടെ സൂത്രധാരനുമായ പരമേശ്വര അയ്യർ മുൻ ഉത്തർപ്രദേശ് കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്.
1981ൽ സിവിൽ സർവീസിൽ ചേർന്ന പരമേശ്വര അയ്യർ 17 വർഷത്തെ സേവനത്തിനൊടുവിൽ 2009ലാണ് സ്വയം വിരമിക്കുന്നത്. തുടർന്ന് 2016ൽ കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിന്റെ സെക്രട്ടറിയായി ചുമതലയേറ്റു.
2020ൽ സെക്രട്ടറി സ്ഥാനം രാജിവച്ച പരമേശ്വര അയ്യർ അമേരിക്കയിൽ ലോക ബാങ്കിന്റെ ഭാഗമായും പ്രവർത്തിച്ചു. ഉത്തർപ്രദേശിലെ മായാവതി സർക്കാരിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലും പരമേശ്വര അയ്യർ പ്രവർത്തിച്ചിട്ടുണ്ട്.