പ്രധാനമന്ത്രിയുമായി ദ്രൗപദി മുർമു കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകൻ
Friday, June 24, 2022 12:53 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു. സമൂഹത്തിന്റെ അടിസ്ഥാനപ്രശ്നങ്ങൾ മനസിലാക്കിക്കൊണ്ട് രാജ്യത്തിന്റെ വികസനത്തെ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവാണ് ദ്രൗപദി മുർമു എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
മുർമുവിനെ രാഷ്ട്രപതി സ്ഥാനാർഥിയായി തെരഞ്ഞെടുത്ത എൻഡിഎയുടെ തീരുമാനത്തെ നേതാക്കൾ അനുമോദിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, ബിജെപി നേതാക്കൾ എന്നിവരുടെ പിന്തുണയോടെ ദ്രൗപദി മുർമു ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാഷ്ട്രപതിസ്ഥാനത്തേക്ക് പിന്തുണയാവശ്യപ്പെട്ട് ദേശീയ നേതാക്കളുമായി മുർമു കൂടിക്കാഴ്ച നടത്തും.
രാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള ഇലക്ടറൽ കോളജിന്റെ ഭൂരിപക്ഷ പിന്തുണയുള്ള ദ്രൗപദി മുർമു തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഗോത്രവർഗ വിഭാഗത്തിൽനിന്നുമുള്ള ആദ്യത്തെ രാഷ്ട്രപതിയാകും. മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോണ്ഗ്രസ് നേതാവുമായിരുന്ന യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതിസ്ഥാനാർഥി.