ആന്ധ്ര മുൻ മുഖ്യമന്ത്രി കെ. റോസയ്യ അന്തരിച്ചു
Sunday, December 5, 2021 12:42 AM IST
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. റോസയ്യ (88) അന്തരിച്ചു. തമിഴ്നാട്ടിലെയും കർണാടകയിലെയും ഗവർണർ, ആന്ധ്ര പിസിസി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ലോക്സഭാംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാഡിയിടിപ്പ് താഴ്ന്നതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകാതെ മരണം സ്ഥിരീകരിച്ചു.
1933 ജൂലൈ നാലിന് ഗുണ്ടൂർ ജില്ലയിലെ വെമൂരൂവിലാണ് ജനനം.യൂത്ത് കോൺഗ്രസ് പ്രവർത്തകനായാണ് സജീവരാഷ്ട്രീയത്തിൽ തുടക്കം. 1968 ൽ ആദ്യമായി നിയമസഭാംഗമായി. നിരവധി കോൺഗ്രസ് മന്ത്രിസഭകളിൽ സുപ്രധാനവകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
വൈ.എസ്. രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെത്തുടർന്ന് 2009 സെപ്റ്റംബർ മൂന്നിനാണ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്. 2010 നവംബർ 24 വരെ അധികാരത്തിൽ തുടർന്നു. 1998 ലാണ് ലോക്സഭാംഗമായത്.