സ്വർണക്കടത്ത് കേസ്: ഹൈക്കോടതി ഉത്തരവിനു സ്റ്റേ
Friday, October 22, 2021 1:20 AM IST
ന്യൂഡൽഹി: സ്വർണക്കടത്തു കേസിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് എതിരായ തെളിവുകൾ വിചാരണക്കോടതിക്ക് പരിശോധിക്കാൻ അനുമതി നൽകിയ കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണന്റെ ഹർജിയിലാണ് സുപ്രീംകോടതി നടപടി.
കേസ് വിശദമായ വാദം കേൾക്കാനായി സുപ്രീംകോടതി മാറ്റിവച്ചു. ജനുവരി മൂന്നാമത്തെ ആഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികൾക്ക് മേൽ ഇഡി സമ്മർദം ചെലുത്തിയെന്ന ആരോപണത്തിൽ തെളിവുകൾ പരിശോധിക്കാൻ വിചാരണ ക്കോടതിയെ കേരള ഹൈക്കോടതി അനുവദിച്ചിരുന്നു.
ഇതു ചോദ്യം ചെയ്താണ് ഇഡി ഡയറക്ടർ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസ് എ.എം. ഖാൻവീൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.