കനത്ത മഴ: ഉത്തരാഖണ്ഡിൽ മരണം 64 ആയി
Friday, October 22, 2021 1:20 AM IST
ഡെറാഡൂൺ: കനത്ത മഴയെത്തുടർന്നുണ്ടായ മേഘവിസ്ഫോടനങ്ങളിലും മണ്ണിടിച്ചിലിലും ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 64 ആയി. 7 പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്.
നൈനിറ്റാൾ ജില്ലയിൽ മാത്രം 28 പേർ മരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ഉത്തരാഖണ്ഡിൽ വ്യോമനിരീക്ഷണം നടത്തി. കാണാതായ 11 അംഗ ട്രെക്കിംഗ് സംഘത്തിലെ രണ്ടു പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തി.
4500 മീറ്റർ ഉയരത്തിലാണ് എസ്ഡിആർഎഫ് സംഘം മൃതദേഹം കണ്ടെത്തിയത്. ട്രെക്കിംഗ് സംഘത്തിലെ രണ്ടു പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.