കാഷ്മീരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഭീകരർ വെടിവച്ചു കൊന്നു
Sunday, October 17, 2021 11:33 PM IST
ശ്രീനഗർ: കാഷ്മീരിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. വെടിവയ്പിൽ ഒരാൾക്കു പരിക്കേറ്റു. കുൽഗാം ജില്ലയിലെ വാൻപോ മേഖലയിലായിരുന്നു ആക്രമണം. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിലേക്ക് ഇരച്ചുകയറി ഭീകരർ ആക്രമണം നടത്തുകയായിരുന്നുവെന്ന് കാഷ്മീർ സോൺ പോലീസ് അറിയിച്ചു.
24 മണിക്കൂറിനിടെ കാഷ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരെയുണ്ടായ മൂന്നാമത്തെ ആക്രമണമാണിത്. ബിഹാറിൽനിന്നുള്ള വഴിയോര കച്ചവടക്കാരനും യുപിയിൽനിന്നുള്ള മരാശാരിയും ശനിയാഴ്ച ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ മാസം ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നാട്ടുകാരുടെ എണ്ണം 11 ആയി.
ശ്രീനഗറിലെ പ്രമുഖ ബിസിനസുകാരൻ മഖൻ ലാൽ ബിന്ദ്രൂവും രണ്ട് അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ തൊട്ടടുത്തുള്ള സുരക്ഷാ ക്യാന്പുകൾക്കു മാറ്റാൻ എല്ലാ ജില്ലാ പോലീസ് തലവന്മാർക്ക് ഐജി വിജയ്കുമാർ നിർദേശം നല്കി.