കെപിസിസി പട്ടിക വൈകിച്ചതു ഞാനല്ല: കെ.സി. വേണുഗോപാൽ
Wednesday, October 13, 2021 12:46 AM IST
ന്യൂഡൽഹി: കെപിസിസി ഭാരവാഹിപ്പട്ടിക വൈകാൻ താൻ കാരണക്കാരനാണെന്ന പ്രചാരണം തെറ്റെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കെഎസ്യു, യൂത്ത് കോണ്ഗ്രസ് പ്രസിഡന്റു മുതൽ 25 വർഷം ജനപ്രതിനിധിയും മന്ത്രിയുമൊക്കെയായി ചില പരിചയക്കാർ ഭാരവാഹികളാകുന്നതു സ്വാഭാവികമാണെന്നു വേണുഗോപാൽ പറഞ്ഞു.
പട്ടിക വൈകുന്നതിനു കാരണക്കാരൻ താനാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കള്ളപ്രചാരണമാണു തനിക്കെതിരേ നടക്കുന്നത്. പല കാര്യങ്ങളും തന്റെ തലയിൽ കെട്ടിവയ്ക്കാനാണു നീക്കം.
സംസ്ഥാന കോണ്ഗ്രസ് നേതൃത്വമാണു കെപിസിസി ഭാരവാഹിപ്പട്ടിക തയാറാക്കുന്നത്. മാനദണ്ഡങ്ങൾ നിശ്ചയിച്ചതും അവരാണ്. കേരളത്തിൽ ചർച്ച ചെയ്തു തീരുമാനിക്കുന്ന മാനദണ്ഡവും പട്ടികയും ഹൈക്കമാൻഡ് അംഗീകരിക്കുകയാണു ചെയ്യുക- വേണുഗോപാൽ വിശദീകരിച്ചു.