ടി.വി.ആർ ഷേണായ് പുരസ്കാരം ഡി. വിജയമോഹന്
Wednesday, October 13, 2021 12:46 AM IST
ന്യൂഡൽഹി: പ്രഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ ടി.വി.ആർ ഷേണായ് അവാർഡ് ഫോർ എക്സലൻസ് ഇൻ ജേർണലിസം പുരസ്കാരം ഡി. വിജയമോഹന്. മലയാള മനോരമ കോഓർഡിനേറ്റിംഗ് എഡിറ്റർ (ഡൽഹി) ആയിരുന്ന ഡി. വിജയമോഹന് മരണാനന്തര ബഹുമതിയായാണ് 2021ലെ പുരസ്കാരം നൽകുന്നത്.
ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഒക്ടോബർ 27ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും.
മുതിർന്ന പത്രപ്രവർത്തകരായ തോമസ് ജേക്കബ് (ചെയർമാൻ), ജോർജ് കള്ളിവയലിൽ, എൻ. അശോകൻ, സണ്ണിക്കുട്ടി ഏബ്രഹാം, ആർ.എസ് ബാബു എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.