അജിത് സിംഗ് അന്തരിച്ചു
Friday, May 7, 2021 12:50 AM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിംഗിന്റെ മകനും രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ അജിത് സിംഗ് (82) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ശ്വാസകോശ അണുബാധയുണ്ടായതിനെത്തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. മകനും എംപിയുമായ ജയന്ത് ചൗധരിയാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ഖരഗ്പുർ ഐഐടിയിൽ നിന്നു ബിരുദവും ഷിക്കാഗോയിൽ ഉപരിപഠനവും പൂർത്തിയാക്കിയശേഷം 15 വർഷത്തോളം അമേരിക്കയിൽ കംപ്യൂട്ടർ രംഗത്ത് ജോലി ചെയ്തു. തുടർന്നാണ് നാട്ടിലെത്തി രാഷ്ട്രീയത്തിൽ സജീവമായത്. 1986ൽ രാജ്യസഭാംഗവും തുടർന്ന് യുപിയിലെ ബാഗ്പത്തിൽ നിന്ന് ഏഴ് തവണ ലോക്സഭാംഗവുമായി.