തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 13 കോവിഡ് രോഗികൾ മരിച്ചു
Thursday, May 6, 2021 12:46 AM IST
ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 13 കോവിഡ് രോഗികൾ മരിച്ചു. എന്നാൽ, ഓക്സിന്റെ അഭാവം മൂലമല്ല രോഗികൾ മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. നാൽപ്പതിനും എൺപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണു മരിച്ചത്.
ചെങ്കൽപ്പേട്ട് ജില്ലാ കളക്ടർ എ. ജോൺ ലൂയിസ് സ്ഥിതിഗതികൾ വിലയിരുത്തി. ഓക്സിജൻ വിതരണം തടസപ്പെട്ടിരുന്നില്ലെന്ന് കളക്ടർ പറഞ്ഞു. മരിച്ചവരിൽ ഒരാൾ മാത്രമായിരുന്നു കോവിഡ് പോസിറ്റീവ് എന്നും മറ്റുള്ളവർ നെഗറ്റീവ് ആയിരുന്നെങ്കിലും ന്യൂമോണിയ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നുവെന്നും ആശുപത്രി ഡീൻ ഡോ. മുത്തുകുമാരൻ പറഞ്ഞു.
കർണാടകയിലെ ചാമരാജ്നഗർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 24 കോവിഡ് രോഗികൾ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ഏകംഗ കമ്മീഷനായി കർണാടക ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് ബി.എ. പാട്ടീലിനെ സർക്കാർ നിയമിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണു സർക്കാർ തീരുമാനം.