നാലുപേരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശിപാർശ
Saturday, March 6, 2021 1:56 AM IST
ന്യൂഡൽഹി : അഭിഭാഷകരായ വിജു ഏബ്രഹാം, സി.പി മുഹമ്മദ് നിയാസ് , കെ.കെ. പോൾ., ആലപ്പുഴ ജില്ല സെഷൻസ് കോടതിയിലെ ജുഡീഷൽ ഓഫീസർ എ.ബദറുദ്ദീൻ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന് കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു.
2019 മാർച്ചിൽ ചേർന്ന കൊളീജിയം മുഹമ്മദ് നിയാസ്, കെ.കെ.പോൾ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ കേന്ദ്ര നിയമന്ത്രാലയത്തോട് ശിപാർശ ചെയ്തിരുന്നു. എന്നാൽ, ഇത് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രാലയം മടക്കി.
വിജു എബ്രഹാമിന്റെ സ്ഥാനകയറ്റം 2018 ഒക്ടോബർ ഒൻപതിനാണ് സുപ്രീംകോടതി ആദ്യം പരിഗണിക്കുന്നത്. അധിക വിവരങ്ങൾ ആവശ്യമായതിനാൽ 2018ലും ശേഷം 2019 ഫെബ്രുവരി 12 കൂടിയ കൊളീജിയത്തിലും പരിഗണന ലഭിച്ചില്ല.
2019 മെയിൽ വിജു എബ്രഹാമിനെ കൊളീജിയം ജഡ്ജിയായി ശുപാർശ ചെയ്യുന്നത്. എന്നാൽ, കേന്ദ്ര നിയമ മന്ത്രാലയം മടക്കിയിരുന്നു.കേന്ദ്ര നിയമ മന്ത്രാലയം കൈമാറിയ വിശദമായ കുറിപ്പ് ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ഇത്തവണ ഈ മൂന്ന് ശിപാർശകളും വീണ്ടും നൽകാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ കൊളീജിയം തീരുമാനിച്ചത്.