മാധ്യമ നിയന്ത്രണം: കേന്ദ്രത്തിനു സുപ്രീം കോടതി നോട്ടീസ്
Tuesday, January 26, 2021 12:34 AM IST
ന്യൂഡൽഹി: മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ട്രൈബ്യൂണൽ പോലെയുള്ള അഥോറിറ്റി രൂപീകരിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നോട്ടീസ് അയച്ചു. സാമുദായിക സംഘർഷമുണ്ടാക്കുന്നതും വിദ്വേഷ പ്രസംഗങ്ങളും വ്യാജ വാർത്തകളും തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നിയമവും നിയന്ത്രണ അഥോറിറ്റിയും വേണമെന്നാണ് ആവശ്യം.
ചലച്ചിത്ര നിർമാതാവ് നിലേഷ് നവ്ലാഖ, സിവിൽ എൻജിനിയർ നിതിൻ മേമൻ എന്നിവരാണു സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച്, പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി, ന്യൂഡ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ തുടങ്ങിയവരോടും നിലപാടു തേടി.