വാക്സിൻ സ്വീകരിച്ച യുപിയിലെ ആരോഗ്യപ്രവർത്തകൻ മരിച്ചു
Tuesday, January 19, 2021 12:40 AM IST
മൊറോദാബാദ്: യുപിയിലെ മൊറാദാബാദിൽ കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ പിറ്റേന്ന് ആരോഗ്യപ്രവർത്തകൻ മരിച്ചു. മഹിപാൽ (46) ആണു ഞായറാഴ്ച രാത്രിയോടെ മരിച്ചത്. ഹൃദയത്തിനും ശ്വാസകോശത്തിനുമുള്ള അസുഖമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പനിയും ചുമയും ഒഴികെ അസുഖങ്ങളൊന്നും മഹിപാലിനില്ലായിരുന്നുവെന്നും വാക്സിൻ സ്വീകരിച്ചതാണു മരണകാരണമെന്നും കുടുംബാംഗങ്ങൾ പറയുന്നു.
മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സംഘത്തെ നിയോഗിച്ചെന്നു മൊറാദാബാദ് ജില്ലാ മജിസ്ട്രേറ്റ് രാകേഷ് സിംഗ് പറഞ്ഞു. മൊറാദാബാദിലെ സർക്കാർ ഉടമസ്ഥതയിലുള്ള ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലെ സർജിക്കൽവാർഡിൽ ജോലി ചെയ്യുകയാണു മഹിപാൽ.
ഹൃദയസംബന്ധമായ അസുഖങ്ങളാണു മരണകാരണമെന്നു ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മിലിന്ദ് ചന്ദ്ര ഗാർഗ് പറഞ്ഞു. മഹിപാലിന്റെ ഹൃദയത്തിനു വീക്കമുണ്ടായിരുന്നു. രക്തം കട്ടപിടിച്ച അവസ്ഥയിലുമായിരുന്നു. വാക്സിൻ സ്വീകരിച്ചതല്ല മരണകാരണമെന്നു മൂന്നു ഡോക്ടർമാർ ചേർന്ന് തയാറാക്കിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിൻ സ്വീകരിച്ച ഏതാനും ജീവനക്കാർക്ക് പനി അനുഭവപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.