ശിവസേന എംഎൽഎയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്; മകൻ കസ്റ്റഡിയിൽ
Tuesday, November 24, 2020 11:31 PM IST
മുംബൈ: കള്ളപ്പണക്കേസിൽ ശിവസേന എംഎൽഎ പ്രതാപ് സർനായിക്കുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ് നടത്തി. സുരക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട കേസിലായിരുന്നു റെയ്ഡ്. എംഎൽഎയുടെ മകൻ വിഹാംഗിനെ ചോദ്യം ചെയ്യാൻ ഇഡി കസ്റ്റഡിയിലെടുത്തു.
മുംബൈയിലും താനെയിലുമുള്ള 10 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. അതേസമയം, രാഷ്ട്രീയ വിരോധം തീർക്കാനാണു റെയ്ഡെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത് അരോപിച്ചു. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർക്കു സുരക്ഷയൊരുക്കി സിആർപിഎഫ് സംഘവുമുണ്ടായിരുന്നു. ഓവാല-മാജിവാഡ എംഎൽഎയാണു പ്രതാപ് സർനായിക്. ആർക്കിടെക്ട് അൻവയ് നായിക് ആത്മഹത്യ സംഭവത്തിൽ റിപ്പബ്ലിക് ടിവി എഡിറ്റർ-ഇൻ-ചീഫ് അർണബ് ഗോസ്വാമി അറസ്റ്റ് ചെയ്തത് സർനായിക്കിന്റെ ഇടപെടലിനെത്തുടർന്നായിരുന്നു.
ആത്മഹത്യപ്രേരണ കേസ് വീണ്ടും അന്വേഷിക്കണമെന്ന് സർനായിക് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. മുംബൈ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച അർണബ് ഇപ്പോൾ ജാമ്യത്തിലാണ്. മഹാരാഷ്ട്രയെയും മുംബൈയും ആക്ഷേപിച്ചതിന്റെ പേരിൽ ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരേ നിയമനടപടിയെടുക്കാൻ ഐകകണ്ഠ്യേന പ്രമേയം പാസാക്കണമെന്നു നിയമസഭയിൽ സർനായിക് ആവശ്യപ്പെട്ടിരുന്നു.