സ്ത്രീവിരുദ്ധ പരാമർശം: കമൽനാഥിനോടു വിശദീകരണം തേടും
Tuesday, October 20, 2020 1:15 AM IST
ന്യൂഡൽഹി: വനിതാ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനോടു ദേശീയ വനിതാ കമ്മീഷൻ വിശദീകരണം തേടും. നടപടികൾക്കായി പ്രശ്നം തെരഞ്ഞെടുപ്പു കമ്മീഷന്റെ മുന്നിലെത്തിക്കുമെന്നും വനിതാ കമ്മീഷൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെ പരാമർശം തീർത്തും നിരുത്തരവാദപരമാണ്. സ്ത്രീത്വത്തെ അപഹസിക്കുകയാണ് ഇതിലൂടെ മുഖ്യമന്ത്രിയെന്നും വനിതാ കമ്മീഷൻ കുറ്റപ്പെടുത്തി.
ഞായറാഴ്ച ഗ്വാളിയറിലെ ദാബ്രയിൽ നടന്ന പൊതുയോഗത്തിൽ ബിജെപി സ്ഥാനാർഥി ഇമാരതി ദേവിയെ ഒരു സാധനം എന്നു മുഖ്യമന്ത്രി വിശേഷിപ്പിക്കുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി സാധാരണക്കാരിയാണെന്നും എന്നാൽ പ്രതിപക്ഷം അണിനിരത്തിയിരിക്കുന്നത് ഒരു സാധനത്തെയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ജോതിരാദിത്യ സിന്ധ്യയോട് അടുപ്പം പുലർത്തിയിരുന്ന ഇമാരതി ദേവി ഉൾപ്പെടെ 22 എംഎൽഎമാർ കഴിഞ്ഞ മാർച്ചിൽ കോൺഗ്രസിൽനിന്നു രാജിവച്ച് ബിജെപിക്കൊപ്പം ചേരുകയായിരുന്നു.