ജാതി സർട്ടിഫിക്കറ്റില്ല: അമിത് ജോഗിയുടെ നാമനിർദേശപത്രിക തള്ളി
Sunday, October 18, 2020 12:30 AM IST
റായ്പുർ: ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് ചീഫ് അമിത് ജോഗിയുടെ നാമനിർദേശ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളി. ഷെഡ്യൂൾഡ് ട്രൈബ് എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇല്ലെന്ന ഛത്തീസ്ഗഡ് ട്രൈബർ വെൽഫെയർ വകുപ്പ് ഉന്നതല കമ്മിറ്റിയുടെ കണ്ടെത്തലിനെത്തുടർന്നാണു നടപടി. ആദിവാസിയാണെന്ന അമിത് ജോഗിയുടെ അവകാശവാദം ഒക്ടോബർ 15നു ചേർന്ന കമ്മിറ്റി തള്ളിക്കളഞ്ഞിരുന്നു. അമിതിന്റെ ഭാര്യ റിച്ച ജോഗിയുടെ പത്രികയും സമാനരീതിയിൽ തള്ളിക്കളഞ്ഞു.
അമിതിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ അജിത് ജോഗിയുടെ നിര്യാണത്തെത്തുടർന്നാണ് മർവാഹിയിലേക്കു തെരഞ്ഞെടുപ്പു വേണ്ടിവന്നത്. ഇരുവരുടെയും പത്രികകൾ തള്ളിയതോടെ നവംബർ മൂന്നിനു നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ജോഗി കുടുംബത്തിൽനിന്ന് ആരുംതന്നെയുണ്ടാവില്ലെന്ന് ഉറപ്പായി. പുതുതായി രൂപവത്കരിച്ച ഗൗരേല-പെൻഡ്ര-മർവാഹി ജില്ലയിലാണ് മർവാഹി മണ്ഡലം.