ടെക്നിക്കൽ സപ്പോർട്ട് തട്ടിപ്പ്: ആറ് കന്പനികളുടെ 190 കോടി രൂപ കണ്ടുകെട്ടി
Saturday, October 17, 2020 1:47 AM IST
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് ഉപയോക്താക്കൾക്കു ടെക്നിക്കൽ സപ്പോർട്ട് നൽകാമെന്നുകാണിച്ച് തട്ടിപ്പ് നടത്തിയ ആറു കന്പനികളുടെ 190 കോടി രൂപയുടെ ആസ്തി സിബിഐ കണ്ടുകെട്ടി. നടപടിയെ യുഎസ് നീതിന്യായ വകുപ്പ് പ്രകീർത്തിച്ചു.
സെപ്റ്റംബർ 17 നു നടന്ന റെയ്ഡിൽ 55 ലക്ഷം രൂപയുടെ സ്വർണം, 25 ലക്ഷം രൂപയുടെ കറൻസി എന്നിവയും പിടിച്ചെടുത്തതായി സിബിഐ വക്താവ് ആർ.കെ. ഗൗർ പറഞ്ഞു. ന്യൂഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കന്പനികളിലാണു റെയ്ഡ് നടത്തിയത്.
കംപ്യൂട്ടറുകളിലേക്ക് മാൽവെയറുകൾ അയച്ച് അതിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന വ്യാജന്മാർക്കെതിരേ യുഎസ് സംഘത്തിന്റെ സഹായത്തോടെയാണ് സിബിഐ അന്വേഷണം നടത്തുന്നത്. മാൽവെ യറുകൾ മാറ്റുന്നതിന് ഉപഭോക്താക്കളിനിന്ന് വൻ തുക ഈടാക്കിയാണ് തട്ടിപ്പ് നടത്തിവന്നിരുന്നത്. ന്യൂഡൽഹിയിലെ സോഫ്റ്റ്വിൽ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്, സബൂരി ടിഎൽസി വേൽഡ് വൈഡ് സർവീസ് പ്രൈവറ്റ് ലിമറ്റഡ്, ജയ്പൂരിലെ ഇന്നോവ തിങ്ക് ലാബ് ലിമിറ്റഡ്, സിസ്റ്റ്വീക്ക് സോഫ്റ്റ്വെയർ പ്രൈവറ്റ് ലിമിറ്റഡ്, നോയിഡയിലെ ബിനോവലന്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, സബൂരി ഗ്ലോബൽ സർവീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.