ഇന്ത്യ-ചൈന സംഘർഷം: ഇന്ത്യൻ സേന ആറു മലകൾ പിടിച്ചു
Monday, September 21, 2020 12:26 AM IST
ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ നിയന്ത്രണരേഖയിൽ മൂന്നാഴ്ചയ്ക്കുള്ളിൽ ഇന്ത്യൻ സേന പിടിച്ചെടുത്തത് ആറു സുപ്രധാന മലനിരകൾ. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ രണ്ടാമത്തെ ആഴ്ച വരെ നടന്ന ദൗത്യത്തിലാണിത്.
മഗർ ഹിൽ, ഗുരുംഗ് ഹിൽ, റീസെൻ ലാ, റെസാംഗ് ലാ, മുഖ്പാരി, ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്ന ഫിംഗർ പോയിന്റ് നാലിനു സമീപമുള്ള പ്രദേശം എന്നിവയാണ് ഇന്ത്യൻ സൈന്യം പിടിച്ചെടുത്തത്.
മലനിരകൾ പിടിച്ചെടുക്കാനുള്ള ചൈനീസ് ശ്രമത്തെ പ്രതിരോധിച്ച ഇന്ത്യൻ സേനയുടെ നടപടിക്കു പിന്നാലെ മേഖലയിൽ വെടിവയ്പ് നടന്നിരുന്നു. ബ്ലാക്ക് ടോപ്പ്, ഹെൽമെറ്റ് ടോപ്പ് തുടങ്ങി ചൈന നിലയുറപ്പിച്ചിരിക്കുന്ന പ്രദേശങ്ങൾ നിരീക്ഷിക്കാൻ പറ്റുന്ന ഉയരത്തിലുള്ളതാണ് ഇന്ത്യ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന പ്രദേശങ്ങൾ എന്നു സൈനിക വൃത്തങ്ങൾ പറയുന്നു.
ഇന്ത്യൻ സൈന്യം പുതിയ മേഖലകളിൽ താവളമുറപ്പിച്ചതോടെ, ചൈന മൂവായിരം പുതിയ സൈനികരെക്കൂടി വിന്യസിച്ചിട്ടുണ്ടെന്നാണു വിവരം. ലഡാക്കിൽ സ്ഥിതിഗതികളിൽ വലിയ മാറ്റമില്ലാതെ തുടരുന്നതിനിടെ ചൈനീസ് പട്ടാളം അരുണാചൽപ്രദേശിൽ യഥാർഥ അതിർത്തി നിയന്ത്രണരേഖയ്ക്കു സമീപം സൈനികവിന്യാസം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.