ഉദയപുർ ഹോട്ടൽ വില്പന; അരുണ്‍ ഷൂരിക്കെതിരെ കേസെടുക്കണമെന്നു കോടതി
Friday, September 18, 2020 12:46 AM IST
ജോധ്പുർ: രാജസ്ഥാനിൽ ഐടിഡിസി(ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ)യുടെ ലക്ഷ്മിവിലാസ് ഹോട്ടൽ വില്പന ഇടപാടിൽ മുൻ കേന്ദ്രമന്ത്രി അരുണ്‍ ഷൂരിക്കെതിരെ കേസെടുക്കണമെന്നു സിബിഐ കോടതി.
ഉദയപുരിലെ 252 കോടി വിലമതിക്കുന്ന ഹോട്ടൽ വെറും 7.5 കോടി രൂപയ്ക്കു ഭാരത് ഹോട്ടൽസിനു വിറ്റ് സർക്കാരിനു 244 കോടി രൂപയോളം നഷ്ടമുണ്ടാക്കിയെന്നാണു കേസ്. ഓഹരിവിറ്റഴിക്കൽ മന്ത്രാലയത്തിന്റെ ചുമതലയായിരുന്നു ഷൂരിക്ക്.
ഷൂരിക്കു പുറമെ അന്നത്തെ ഡിസ്ഇൻവെസ്റ്റ്മെന്റ് സെക്രട്ടറി പ്രദീപ് ബൈജാൽ, ഹോട്ടൽ വ്യവസായി ജ്യോത്സന സൂരി, ലസാർഡ് ഇന്ത്യ എംഡി ആശിഷ് ഗുഹ, കാന്തിലാൽ കരാംസെ എന്നിവർക്കെതിരെയും കേസെടുക്കാൻ കോടതി ഉത്തരവിട്ടു.
2002ൽ വാജ്പേയി സർക്കാരിന്റെ കാലത്തായിരുന്നു ഹോട്ടൽ വില്പന. 2014 ഓഗസ്റ്റ് 13നായിരുന്നു സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഹോട്ടൽ വില്പനയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കാൻ കോടതിയിൽ സിബിഐ റിപ്പോർട്ട് നല്‍കിയിരുന്നു. തെളിവില്ലെന്ന സിബിഐ കണ്ടെത്തൽ തള്ളിയാണു കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.