ഫ്ളൈ ഓവറിന് വീര്‍ സവര്‍ക്കറുടെ പേര്; പ്രതിഷേധവുമായി പ്രതിപക്ഷം
Wednesday, May 27, 2020 11:36 PM IST
ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഫ്ളൈ ഓവറിന് സ്വതന്ത്ര്യസമരസേനാനിയും ഹിന്ദുത്വ ആശയക്കാരനുമായ വീര്‍ സവര്‍ക്കറിന്റെ പേരിടുന്നതിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെഡി-എസും. 34 കോടി രൂപ മുടക്കില്‍ യെലഹധ്കയില് നിര്‍മിച്ച 400 മീറ്റര്‍ ഫ്ളൈഓവറിന്റെ ഉദ്ഘാടനം ഇന്നു മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നിര്‍വഹിക്കും.
ഇന്നാണു സവര്‍ക്കറുടെ ജന്മദിനം. ഫ്ളൈഓവറിന് സവര്‍ക്കറുടെ പേരിടുന്നത് കര്‍ണാടകയിലെ സ്വാതന്ത്ര്യസമരസേനാനികളെ അപമാനിക്കുന്നതാണെന്നു പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. കര്‍ണാടകത്തിലെ സ്വാതന്ത്ര്യസമരസേനാനികളില്‍ ആരുടെയെങ്കിലും പേര് ഫ്ളൈഓവറിന് ഇടണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കര്‍ണാടകയുടെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരെ അപമാനിക്കുന്നതാണു യെദിയൂരപ്പ സര്‍ക്കാരിന്റെ തീരുമാനമെന്നു മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കുറ്റപ്പെടുത്തി. ഫ്ളൈ ഓവറിന് വീര്‍ സവര്‍ക്കറുടെ പേര് നല്കാന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ ഫെബ്രുവരി 29നാണ് തീരുമാനമെടുത്തത്.