പ്രതിരോധം തകർന്നാൽ രോഗികളുടെ എണ്ണം കൂടും
Wednesday, March 25, 2020 11:43 PM IST
ന്യൂഡൽഹി: രാജ്യത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനം തകർന്നാൽ മേയ് മധ്യത്തോടെ ഇന്ത്യയിലെ കോവിഡ്-19 രോഗികളുടെ എണ്ണം 13 ലക്ഷം കടക്കുമെന്ന് അന്താരാഷ്ട്ര ഗവേഷക സംഘത്തിന്റെ റിപ്പോർട്ട്. അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ്-19 രോഗം ആദ്യഘട്ടത്തിൽ ഇന്ത്യ ഫലപ്രദമായ രീതിയിലാണ് തടഞ്ഞിരിക്കുന്നതെന്നും കോവ്-ഇന്ത്യ-19 എന്ന ഗവേഷകസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ഇന്ത്യയിൽ രോഗികളുടെ കൃത്യമായ എണ്ണം കണ്ടെത്തിയിട്ടില്ല. കോവിഡ്-19 രോഗപരിശോധന നടത്തിയവരുടെ എണ്ണം ഇന്ത്യയിൽ തുലോം കുറവാണ്.
രോഗപരിശോധന നടത്തിയവരുടെ എണ്ണം, പരിശോധനയുടെ കൃത്യത എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ മഹാരാരിയുടെ വ്യാപ്തി മനസിലാക്കാൻ സാധിക്കുകയുള്ളൂയെന്ന് ജോണ്‍ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ദേബശ്രീ റായി ഉൾപ്പെട്ട സംഘം പറഞ്ഞു. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് മിഷിഗണ്‍ യുഎസ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരും ഗവേഷകരും സംഘത്തിലുണ്ട്.
ഇന്ത്യയിൽ രോഗപരിശോധന നടത്തിയവരുടെ എണ്ണം വളരെ ചെറുതാണ്. വിപുലമായ പരിശോധന നടത്തിയാൽ മാത്രമേ സാമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്നു കണ്ടെത്താൻ സാധിക്കൂ. ആശുപത്രികളിൽ കഴിയുന്നവരല്ലാതെ എത്രപേർക്കു രോഗം ബാധിച്ചെന്ന് ഇതിലൂടെ മാത്രമേ കണ്ടെത്താൻ സാധിക്കൂ എന്നും റിപ്പോർട്ടിൽ പറയുന്നു.