രാജസ്ഥാനിൽ ദളിത് യുവാക്കളെ സംഘം ചേർന്നു മർദിച്ചു: അഞ്ചു പേർ പിടിയിൽ
Monday, February 24, 2020 2:56 AM IST
ജയ്സാൽമീർ: കുരങ്ങുകളെ മോഷ്ടിച്ചുവെന്നാരോപിച്ച് മൂന്നു ദളിത് യുവാക്കളെ മർദിച്ച സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്സി/എസ്ടി ആക്ട് പ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തത്. പ്രായപൂർത്തിയാകാത്ത മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. രാമ ഗ്രാമത്തിൽ ഫെബ്രുവരി 15നായിരുന്നു കേസിനാസ്പദമായ സംഭവം. യുവാക്കളെ വടികൊണ്ടും ബെൽറ്റുകൊണ്ടും മർദിച്ച് പോലീസിൽ ഏൽപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
നാഗൗറിലും ബാർമേറിലും കഴിഞ്ഞദിവസം ദളിതർക്കു നേർക്ക് സമാനരീതിയിൽ ആക്രമണമുണ്ടായിരുന്നു.ഫെബ്രുവരി 16ന് നാഗൗറിൽ രണ്ടു ദളിത് യുവാക്കളാണ് ക്രൂരമർദനത്തിനിരയായത്.
മോട്ടോർ സൈക്കിൾ സർവീസ് ഏജൻസിയിൽ മോഷണം നടത്താനെത്തിയെന്നാരോപിച്ചാണ് പ്രദേശവാസികൾ ഇവരെ നഗ്നരാക്കി മർദിച്ചത്. കേസിൽ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാർമേറിൽ ജനുവരി 29നുണ്ടായ സംഭവത്തിൽ രണ്ടു പേരാണു പിടിയിലായത്.