അവിനാശി ദുരന്തം; ഡ്രൈവർ ഉറങ്ങിയത് അപകടകാരണം
Saturday, February 22, 2020 12:52 AM IST
കോയമ്പത്തൂര്‍: അവിനാശിയില്‍ പത്തൊമ്പതു പേരുടെ ജീവനെടുത്ത അപകടത്തിനു കാരണം ലോറിയുടെ ടയര്‍ പൊട്ടിയതല്ലെന്നു വ്യക്തമായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നുതന്നെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം.
ലോറിയുടെ ടയര്‍പൊട്ടി നിയന്ത്രണംവിട്ടതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ഇത്തരത്തിലാണ് പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവർ എ. ഹേമരാജ് മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ഹേമരാജിന്റെ വാദം മോട്ടോര്‍വാഹന വകുപ്പ് തള്ളിക്കളഞ്ഞു.
കോയമ്പത്തൂര്‍-സേലം ഹൈവേയിലെ ആറുവരിപ്പാതയുടെ വലതുവശം ചേര്‍ന്നുവന്ന ലോറി ഡിവൈഡറില്‍ ഉരഞ്ഞ് 250 മീറ്ററോളം ഓടിയശേഷം ലോറിയിൽ ഘടിപ്പിച്ചിരുന്ന കൂറ്റൻ കണ്ടെയ്നർ ഇളകി വലത്തേക്ക് തെന്നിത്തെറിച്ച് ബസില്‍ ഇടിച്ചുകയറുകയായിരുന്നു.
ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് ഈറോഡ് പോലീസ് കേസെടുത്തിരിക്കുന്നത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍ എന്നീ മൂന്നു വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഡ്രൈവര്‍ ഹേമരാജിനെ ഈറോഡ് പോലീസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഹേമരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.