രാജസ്ഥാനിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം
Sunday, January 26, 2020 1:41 AM IST
ജയ്പുർ: ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജസ്ഥാൻ നിയമസഭയിൽ പ്രമേയം പാസാക്കി.
നിയമ ഭേദഗതി പിൻവലിക്കണമെന്നും ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കാനുള്ള നടപടികൾ എത്രയും വേഗം നിർത്തിവയ്ക്കണമെന്നുമാണു പ്രമേയത്തിലെ ആവശ്യം. ഏതെങ്കിലും മതവിഭാഗത്തെ ഒഴിച്ചുനിർത്തിക്കൊണ്ടുള്ള നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്മാരെല്ലാം നിയമത്തിനുമുന്നിൽ ഒന്നാണെന്നും പാർലമെന്ററികാര്യമന്ത്രി ശാന്തി ധരിവാൾ പറഞ്ഞു. ശബ്ദവോട്ടോടെയാണു പ്രമേയം പാസാക്കിയത്.
പഞ്ചാബിനു പിന്നാലെ പ്രമേയം പാസാക്കുന്ന കോൺഗ്രസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണു രാജസ്ഥാൻ. കേരളത്തിൽ എൽഡിഎഫിനൊപ്പം ചേർന്നു കോൺഗ്രസ് നിയമസഭയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയിരുന്നു.
അതേസമയം, കോൺഗ്രസ് പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നു ബിജെപി ആരോപിച്ചു. നിയമത്തെ വെല്ലുവിളിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും പൗരത്വവിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള വിഷയമാണെന്നും പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കടാരിയ പറഞ്ഞു.