സുരക്ഷാസേനാംഗങ്ങൾ ഉപദ്രവിച്ചുവെന്നു മെഹ്ബുബ മുഫ്തിയുടെ മകൾ ഇൽതിജ
Friday, January 24, 2020 12:02 AM IST
ശ്രീനഗർ: സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പ്രത്യേക സേനാംഗങ്ങൾ ഉപദ്രവിച്ചുവെന്നു പിഡിപി അധ്യക്ഷ മെഹ്ബുബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിയുടെ പരാതി. തന്നെപ്പോലെ കൗമാരക്കാരുടെ പിന്നാലെ നടക്കാതെ അതീവഗൗരവമേറിയ വിഷയങ്ങളിൽ ആഭ്യന്തരമന്ത്രാലയം ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രത്യേക സുരക്ഷാസംഘവും ഐബിയും സിഐഡിയും കാഷ്മീരിൽ താഴ്വരയിൽ നിരന്തരം തന്നെ നിരീക്ഷിക്കുകയാണ്. കാഷ്മീരിൽവച്ച് കൈയേറ്റം ചെയ്യുകയും തടഞ്ഞുവയ്ക്കുകയും ചെയ്ത സുരക്ഷാസേനാംഗങ്ങൾ ഇപ്പോൾ ഉപദ്രവിക്കുകയും ചെയ്തു. സുരക്ഷയുടെയും സുരക്ഷിതത്വത്തിന്റെയും പേരിൽ തന്റെ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുകയാണെന്നും ഇൽതിജ ട്വിറ്റർ സന്ദേശത്തിൽ ആരോപിച്ചു.