മലയാളി വ്യവസായി സി.സി. തന്പിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു
Tuesday, January 21, 2020 12:14 AM IST
ന്യൂഡൽഹി: മലയാളി പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പ് ഉടമയുമായ സി.സി. തന്പിയെ പണം തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വിദേശ വിനിമയചട്ട ലംഘനത്തിന് തന്പിക്കെതിരേ ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ആയിരം കോടിയിലേറെ രൂപയുടെ അഴിമതിമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. റോബർട്ട് വാദ്രയുടെ അടുത്ത ബിസിനസ് പങ്കാളിയായി അറിയപ്പെടുന്ന സി.സി. തന്പി വാദ്രയുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടുകളുടെ പേരിൽ നേരത്തെയും ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു.
കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ഞായറാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചതിനെ തുടർന്നാണ് തന്പി ഡൽഹിയിൽ എത്തിയത്.
ചോദ്യംചെയ്യലിനൊടുവിൽ ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 288 കോടി രൂപയുടെ ഇടപാടിൽ വിദേശനാണയ ചട്ടലംഘനം നടത്തിയെന്നാണ് ആരോപണം. വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയിൽനിന്നും ലണ്ടനിൽ സ്വത്തുവകകൾ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. കേരളത്തിൽ വിവിധ സ്വത്ത് വകകൾ വാങ്ങിയതിൽ ആയിരം കോടിയുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
റോബർട്ട് വാദ്രയ്ക്കെതിരായ അനധികൃത ഭൂമി ഇടപാട്, കള്ളപ്പണ കേസുകളിൽ തന്പിക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. റോബർട്ട് വാദ്ര ലണ്ടനിൽ 26 കോടിയുടെ ഫ്ളാറ്റും ദുബായിൽ 14 കോടിയുടെ വില്ലയും വാങ്ങിയത് തന്പിയുടെ കന്പനി മുഖേനയാണെന്ന റിപ്പോർട്ടുകളുമുണ്ട്.
എന്നാൽ, തന്പിയെ വിമാനത്തിൽ വച്ചുള്ള പരിചയം മാത്രമേയുള്ളൂവെന്നും മറ്റാരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും റോബർട്ട് വാദ്ര വ്യക്തമാക്കിയിരുന്നു. മുൻപ് എൻഫോഴ്സ്മെന്റ് നടത്തിയ ചോദ്യം ചെയ്യലിൽ വാദ്രയെ പരിചയപ്പെട്ടത് സോണിയ ഗാന്ധിയുടെ പിഎ പി.പി. മാധവൻ മുഖേനയാണെന്നും തന്റെ ഫ്ളാറ്റിൽ വാദ്ര താമസിച്ചിട്ടുണ്ടെന്നുമായിരുന്നു തന്പിയുടെ വെളിപ്പെടുത്തൽ.