എൻഐഎ നിയമ ഭേദഗതി: ഹർജിയിൽ കേന്ദ്രത്തിനു നോട്ടീസ്
Monday, January 20, 2020 11:34 PM IST
ന്യൂഡൽഹി: എൻഐഎ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനു നോട്ടീസയച്ചു.
കോഴിക്കോട് ആസ്ഥാനമായുള്ള സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് എന്ന സംഘടന നൽകിയ ഹർജിയിലാണ് ജസ്റ്റീസുമാരായ രോഹിൻടണ്‍ നരിമാൻ, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചിന്റെ നടപടി. നാലാഴ്ചയ്ക്കുള്ളിൽ നോട്ടീസിനു മറുപടി നൽകണം.
എൻഐഎ നിയമത്തിൽ 2019ൽ കൊണ്ടുവന്ന ഭേദഗതി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനെതിരാണെന്നാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിനു വേണ്ടി മുതിർന്ന അഭിഭാഷകൻ സന്തോഷ് പോളും അഭിഭാഷകൻ ജയ്മോൻ ആൻഡ്രൂസും വാദിച്ചു.
ഇന്ത്യക്കെതിരായ പ്രവർത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ എന്ന് നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ ഇന്ത്യക്കെതിരേ എന്നുള്ളതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിയമത്തിൽ വിശദീകരിച്ചിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇപ്പോൾ നടക്കുന്ന പല പ്രക്ഷോഭങ്ങളെയും ഈ നിർവചനത്തിന്റെ കീഴിൽ കൊണ്ടുവരാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഈ ഭേദഗതിയെന്നും ഹർജിക്കാർ ആരോപിച്ചു.