ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; 54 പേരുടെ സ്ഥാനാർഥിപ്പട്ടിക കോണ്ഗ്രസ് പുറത്തിറക്കി
Monday, January 20, 2020 12:27 AM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 54 പേരുടെ സ്ഥാനാർഥി പട്ടിക കോണ്ഗ്രസ് പുറത്തിറക്കി. ആം ആദ്മി പാർട്ടിയിൽ നിന്നു രാജിവച്ചെത്തിയ അൽക്ക ലാംബ ചാന്ദ്നി ചൗക്കിൽ നിന്നും ആദർശ് ശാസ്ത്രി ദ്വാരകയിൽ നിന്നും മത്സരിക്കും.
മുൻ പിസിസി പ്രസിഡന്റ് അരവിന്ദർ സിംഗ് ലവ്ലി (ഗാന്ധി നഗർ), മുൻ ബിജെപി എംപി കീർത്തി ആസാദിന്റെ ഭാര്യ പൂനം ആസാദ് (സംഗം വിഹാർ), മുൻ ഡൽഹി മന്ത്രി അശോക് വാലിയ (കൃഷ്ണ നഗർ), മുൻ കേന്ദ്രമന്ത്രി കൃഷ്ണ തിരാത്ത് (പട്ടേൽ നഗർ) തുടങ്ങിയവർ പട്ടികയിൽ ഉൾപ്പെടുന്നു.
കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ എ.കെ. ആന്റണി, മുകുൾ വാസ്നിക്, ഡിപിസിസി പ്രസിഡന്റ് സുഭാഷ് ചോപ്ര, ഡൽഹിയുടെ ചുമതലയുള്ള മുതിർന്ന നേതാവ് പി.സി. ചാക്കോ എന്നിവർ യോഗം ചേർന്നാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
അജയ് മാക്കൻ, സന്ദീപ് ദീക്ഷിത് എന്നി നേതാക്കൾ ആദ്യ പട്ടികയിൽ ഇടം നേടിയിട്ടില്ല. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചിട്ടില്ല.