ദേവീന്ദർ സിംഗിന്റെ ധീരതയ്ക്കുള്ള മെഡൽ കണ്ടുകെട്ടി
Friday, January 17, 2020 12:09 AM IST
ശ്രീനഗർ: ഭീകരരെ രക്ഷപ്പെടുത്താൻ കാറിൽ ഇവർക്കൊപ്പം സഞ്ചരിക്കുന്നതിനിടെ അറസ്റ്റിലായ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേവീന്ദർ സിംഗിനു ലഭിച്ച ധീരതയ്ക്കുള്ള ഷേർ-ഇ-കാഷ്മീർ പോലീസ് മെഡൽ ജമ്മു കാഷ്മീർ ഭരണകൂടം കണ്ടുകെട്ടി. സേനയെ അപകീർത്തിപ്പെടുത്തിയതിനും വിശ്വാസവഞ്ചന കാട്ടിയതിനുമാണ് മെഡൽ തിരിച്ചുവാങ്ങിയതെന്ന് ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ഷലീൽ കബ്ര ഒപ്പുവച്ച സർക്കാർ ഉത്തരവിലുണ്ട്.
2018ലാണ് ദേവീന്ദർ സിംഗിനെ ജമ്മു കാഷ്മീരിന്റെ പരമോന്നത പോലീസ് ബഹുമതിയായ ഷേർ-ഇ-കാഷ്മീർ നല്കി ആദരിച്ചത്. ശ്രീനഗർ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയും ദേവീന്ദറിനായിരുന്നു.
ശനിയാഴ്ച ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിലുള്ള മിർ ബസാറിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരരായ നവീദ് ബാബ, അൽതാഫ്, ഭീകരരെ സഹായിച്ചുവന്ന അഭിഭാഷകൻ എന്നിവർക്കൊപ്പമാണ് ദേവീന്ദർ പിടിയിലായത്. അറസ്റ്റിലായതിനു പിറ്റേന്ന് സൈന്യത്തിന്റെ ആസ്ഥാനമന്ദിരത്തിനു സമീപത്തെ ദേവീന്ദറിന്റെ വസതിയിൽ പോലീസ് റെയ്ഡ് നടത്തി. ഇവിടെയാണ് ഭീകരർ ഒളിവിൽ കഴിഞ്ഞിരുന്നത്. റെയ്ഡിൽ എകെ 47 തോക്കും വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തിരുന്നു.