മരട്: തുറന്ന കോടതിയിലേക്ക്
Saturday, November 23, 2019 12:14 AM IST
ന്യൂഡൽഹി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെതിരേ നൽകിയ പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി. ജനുവരി രണ്ടാം വാരം കേസ് പരിഗണിക്കുമെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഫ്ളാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ച കേരള സർക്കാരിന്റെ തത്സ്ഥിതി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഫ്ളാറ്റ് ഉടമകളായ 12ലധികം പേരാണ് പുനഃപരിശോധനാ ഹർജികൾ നൽകിയത്.
അതേസമയം, ജനുവരി 11നു ഹോളി ഫെയ്ത്ത്, ആൽഫ വെഞ്ചേഴ്സ് എന്നീ ഫ്ളാറ്റുകളും 12ന് ഗോൾഡൻ കായലോരവും ജെയിൻ കോറലും പൊളിക്കുമെന്ന് സംസ്ഥാന സർക്കാർ നൽകിയ തത്സ്ഥിതി റിപ്പോർട്ടിൽ പറയുന്നു. സ്ഫോടനത്തിലൂടെ പൊളിക്കാനാണു പദ്ധതി. കോടതി നിർദേശപ്രകാരം ഫ്ളാറ്റുടമകൾക്കു നൽകാനുള്ള നഷ്ടപരിഹാരത്തിൽ 27.99 കോടി നൽകിയിട്ടുണ്ടെന്നും 33.51 കോടി രൂപ ഇനി നൽകാനുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു. ബാക്കി തുക കൈമാറാൻ സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം ജസ്റ്റീസ് ബാലകൃഷ്ണൻ നായർ സമിതിക്കു മുന്‍പാകെ ഉന്നയിക്കാൻ കോടതി സർക്കാരിന് അനുമതി നൽകി.