സ്വകാര്യ സംരംഭങ്ങൾക്ക് ആധാർ നൽകൽ: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
Saturday, November 23, 2019 12:14 AM IST
ന്യൂഡൽഹി: ആധാർ വിവരങ്ങൾ സ്വകാര്യ സംരംഭങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്നതിനെതിരേ നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിനും ആധാർ അപ്പലേറ്റ് അഥോറിറ്റിയായ യുഐഡിഐഎയ്ക്കുമാണ് നോട്ടീസയച്ചത്. വിരമിച്ച സേനാ ഉദ്യോഗസ്ഥൻ എസ്.ജി. വൊന്പാട്ടകരെയും മനുഷ്യാവകാശ പ്രവർത്തകനായ ബെസ്വാദ വിൽസണും നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.
ആധാറിന്റെ ഭരണഘടനാ സാധുത അംഗീകരിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചതിനു ശേഷം കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതിയെയാണ് ഹർജിയിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്. പുതിയ നിയമ ഭേദഗതിയിലുടെ സർക്കാർ ആധാർ വിവരങ്ങൾ വാണിജ്യാവശ്യങ്ങൾക്കായി അനുവദിച്ചിരിക്കുകയാണെന്നും വ്യക്തികളുടെ വിവരങ്ങൾ മറ്റാർക്കും കൈമാറരുതെന്ന സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.