ഇന്ത്യ തകർത്ത ബാലാകോട്ട് ഭീകര ക്യാന്പ് വീണ്ടും പ്രവർത്തനമാരംഭിച്ചു
Monday, September 23, 2019 12:56 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണത്തിൽ തകർത്ത ജയ്ഷ്-ഇ-മുഹമ്മദ് പരിശീലന കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതായി റിപ്പോർട്ട്. പുതിയ പേരിൽ ആരംഭിച്ച കേന്ദ്രത്തിൽ കാഷ്മീരിലും ഇന്ത്യയിലെ മറ്റിടങ്ങളിലും സ്ഫോടനം നടത്താൻ 40 ഭീകരർക്ക് പരിശീലനം ആരംഭിച്ചതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായും വിഭജിക്കുകയും ചെയ്ത സാഹചര്യത്തിലാണു പാക്കിസ്ഥാന്റെ അനുഗ്രഹാശിസുകളോടെ ജയ്ഷെയുടം ഈ നീക്കം. കഴിഞ്ഞ ഫെബ്രുവരി 27നാണ് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ബാലാകോട്ടിലെ ജയ്ഷ് കേന്ദ്രം ബോംബിട്ട് തകർത്തത്. ഫെബ്രുവരി 14ന് കാഷ്മീരിലെ പുൽവാമയിൽ നടന്ന സ്ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായി ആയിട്ടായിരുന്നു ഇന്ത്യയുടെ സൈനിക നീക്കം.