പശുവിന്റെ ഓർമയ്ക്ക് ക്ഷേത്രവും പൂജയും
Saturday, September 21, 2019 12:08 AM IST
മംഗളൂരു: ചത്ത പശുവിന് നിത്യസ്മാരകമായി ക്ഷേത്രം നിർമിച്ച് കുടുംബാംഗങ്ങളുടെ സ്നേഹപ്രകടനം. കർണാകയിലെ ഉഡുപ്പി ജില്ലയിൽപ്പെട്ട കുന്ദാപുരം താലൂക്കിലെ ഹൊസുർ ഗ്രാമത്തിലുള്ള അധ്യാപകദമ്പതികളായ ശിവാനന്ദയും ലളിതയുമാണ് ലക്ഷ്മിയെന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന പശുവിനോടുള്ള സ്നേഹപ്രതീകമായി ക്ഷേത്രം പണിതത്.
ഹൊസുർ സ്കൂളിലെ പ്രധാനാധ്യാപികയായ ലളിതയ്ക്കും ഐടിഐയിൽ ലക്ചററായ ശിവാനന്ദയ്ക്കും കഴിഞ്ഞ 15 വർഷമായി ലക്ഷ്മിപശു കുടുംബത്തിലെ ഒരു അംഗമായിരുന്നു. മക്കളില്ലാത്ത ഇവർ ആ സ്നേഹംകൂടി ലക്ഷ്മിക്ക് നൽകി. ഒരുമാസം മുമ്പാണ് ലക്ഷ്മിപശു ചത്തത്. ലക്ഷ്മി വിട്ടുപിരിഞ്ഞുവെന്ന് വിശ്വസിക്കാൻ ഈ ദമ്പതികൾക്കായില്ല. അതിനാലാണ് പശുവിനെ മറവുചെയ്ത സ്ഥലത്ത് കല്ലറയുടെ രൂപത്തിൽ ക്ഷേത്രം നിർമിച്ച് പഞ്ചലോഹത്തിലുള്ള ലക്ഷ്മിയുടെ വിഗ്രഹം അതിൽ പ്രതിഷ്ഠിക്കാൻ അവർ തീരുമാനിച്ചത്. തീർന്നില്ല, എല്ലാ ദിവസവും ദമ്പതികൾ ഈ ക്ഷേത്രത്തിലെത്തി പൂജയും നടത്തുന്നുണ്ട്. പൂജാകർമത്തിനായി പൂജാരിയെയും നിയോഗിച്ചിട്ടുണ്ട്. അതീവരഹസ്യമായാണ് ക്ഷേത്രം നിർമിച്ചതെങ്കിലും ഇപ്പോൾ നാട്ടിലെങ്ങും പാട്ടായതോടെ നിരവധി പേരാണ് ക്ഷേത്രദർശനത്തിനായി എത്തുന്നത്.