ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ മോട്ടോർ വാഹന നിയമം മാറ്റിയെഴുതി
Tuesday, September 10, 2019 11:55 PM IST
ഗാന്ധിനഗർ: അടുത്തിടെ നടപ്പാക്കിയ പുതിയ മോട്ടോർ വെഹിക്കിൾ നിയമത്തിൽ പറയുന്ന പിഴത്തുക ഗുജറാത്ത് സർക്കാർ വെട്ടിക്കുറിച്ചു. ജൂലൈയിൽ പാർലമെന്റ് പാസാക്കിയ മോട്ടോർ വാഹന ഭേദഗതി ബിൽ ഈ മാസം ഒന്നു മുതലാണ് രാജ്യവ്യാപകമായി പ്രാബല്യത്തിലായത്.
എന്നാൽ, വർധിപ്പിച്ച പിഴത്തുക സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണെന്ന ആരോപണം വ്യാപകമായി ഉയർന്നതിനെത്തുടർന്നാണ് പിഴയിൽ മാറ്റം വരുത്താൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് 1000 രൂപ പിഴയാണ് പുതിയ നിയമത്തിലുള്ളത്. എന്നാൽ, ഇത് 500 രൂപയാക്കി ഗുജറാത്ത് സർക്കാർ വെട്ടിക്കുറച്ചു. സീറ്റ് ബെൽറ്റ് ധരിക്കാതെ ഡ്രൈവ് ചെയ്യുന്നവർക്കും സമാന രീതിയിലേക്ക് പിഴത്തുക മാറ്റിയിട്ടുണ്ട്.
ലൈസൻസ് ഇല്ലാതെ ഡ്രൈവ് ചെയ്യുന്നവർക്കുള്ള പിഴ 5000 രൂപയിൽനിന്ന് ഇരുചക്ര വാഹന യാത്രികർക്ക് 2000 രൂപയായും കാർ യാത്രികർക്ക് 3000 രൂപയായും കുറച്ചു.
പിഴത്തുക കുറച്ചത് ട്രാഫിക് നിയമ ലംഘനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയല്ല എന്നും നേരത്തെ ഈടാക്കിയിരുന്ന തുകയേക്കാൾ പത്തു മടങ്ങ് അധികമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തുക എന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.