ബ്രസീലിലെ കാട്ടുതീ: ഡൽഹിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം
Monday, August 26, 2019 12:27 AM IST
ന്യൂഡൽഹി: ആമസോണ്‍ വനങ്ങളിൽ തീപടർന്നു പിടിക്കുന്നത് നീയന്ത്രിക്കാൻ തയാറാവാത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ബ്രസീൽ എംബസിക്കു മുന്പിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധം.
ഡിവൈഎഫ്ഐ ദേശീയ സെക്രട്ടറി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കാട്ടുതീ നിയന്ത്രിക്കാൻ ബ്രസീൽ സർക്കാർ തയാറാകുന്നില്ലന്നു മുഹമ്മദ് റിയാസ് അടക്കമുള്ളവർ കുറ്റപ്പെടുത്തി.
പ്രതിഷേധ പരിപാടിയുടെ ഫോട്ടോകൾ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചതോടെ ട്രോളുകളുടെ പെരുമഴയാണ് സമുഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കേരളത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഇടപെടാത്ത ഡിവൈഎഫ്ഐയാണ് ആമസോണിനു വേണ്ടി പ്രതിഷേധിക്കുന്നതെന്ന് വി.ടി. ബൽറാം എംഎൽഎ പരിഹസിച്ചു.
കക്കാടംപോയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാർ മിക്സിംഗ് പ്ലാന്റിന്റെ കായൽ മലിനീകരണം പോലുള്ള ചീള് കേസുകൾ ഒന്നുമെടുക്കാതെ ഡിവൈഎഫ്ഐക്കാർ അന്താരാഷ്ട്ര വിഷയങ്ങളിൽ മാത്രമേ ഇടപെടൂയെന്നും അതാണ് തനിക്ക് അവരോടുള്ള ഇഷ്ടമെന്നും ബൽറാം ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു.