വിമർശനങ്ങൾക്കൊടുവിൽ വനിതകളെ ഉൾപ്പെടുത്തി താലിബാൻ മന്ത്രിയുടെ ർത്താസമ്മേളനം
Monday, October 13, 2025 1:50 AM IST
ന്യൂഡൽഹി: വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയുള്ള വാർത്ത സമ്മേളനം വിവാദമായതോടെ ഞായറാഴ്ച വനിതാ മാധ്യമപ്രവർത്തകരെയും ഉൾപ്പെടുത്തി വാർത്താസമ്മേളനത്തിന് തയ്യാറായി അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർഖാൻ മുത്തഖി. വെള്ളിയാഴ്ച ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് വനിതാ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിക്കാതെ മുത്തഖി വാർത്താസമ്മേളനം നടത്തിയത്.
പ്രതിപക്ഷ പാർട്ടികളും മാധ്യമ പ്രവർത്തകരുടെ സംഘടനകളും ഈ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചതോടെയാണ് ഞായറാഴ്ച അതേസ്ഥലത്ത് നടന്ന വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തേണ്ടി വന്നത്.
വെള്ളിയാഴ്ച നടന്നത് ഒരു സാങ്കേതിക പ്രശ്നമായിരുന്നുവെന്നും മറ്റ് വിഷയങ്ങൾ അതിന് പിന്നിലുണ്ടായിരുന്നില്ലെന്നും മുത്തഖി ഇന്നലെ വ്യക്തമാക്കി. പെട്ടന്നായിരുന്നു വാർത്താസമ്മേളനം പദ്ധതിയിട്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകരുടെ ഒരു ഷോർട്ലിസ്റ്റ് ഉദ്യോഗസ്ഥർ തയ്യാറാക്കി. അതനുസരിച്ചാണ് മാധ്യമങ്ങളെ വിവരമറിയിച്ചതെന്നും തെറ്റായ ഒരു ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ടായിരുന്നില്ലെന്നും മുത്തഖി ഞായറാഴ്ച അഫ്ഗാൻ എംബസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരാഴ്ചത്തെ ഇന്ത്യാ സന്ദർശനത്തിന് വ്യാഴാഴ്ചയാണ് മുത്തഖി ഇന്ത്യയിൽ എത്തിയത്.
സമാധാനശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ മറ്റ് മാർഗം സ്വീകരിക്കും:അഫ്ഗാൻ
ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ സമാധാനപരമായ പരിഹാരമാണ് താലിബാൻ ആഗ്രഹിക്കുന്നതെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി.
വ്യാഴാഴ്ച കാബൂളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം വർധിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാന ശ്രമം വിജയിച്ചില്ലെങ്കിൽ തങ്ങളുടെ മുന്നിൽ മറ്റ് മാർഗങ്ങളുണ്ടെന്നും മുത്തഖി ഇന്നലെ ഡൽഹിയിൽ അഫ്ഗാൻ എംബസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാക്കിസ്ഥാനിലെ ജനങ്ങളുമായും സർക്കാരുമായും ഞങ്ങൾക്ക് നല്ല ബന്ധമാണുള്ളത്. എന്നാൽ ആ രാജ്യത്തെ ചില ഘടകങ്ങൾ പ്രശ്ങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.