ജഡ്ജിയുടെ പരാമർശം പാടില്ലായിരുന്നു: ജസ്റ്റീസ് കുര്യൻ ജോസഫ്
Sunday, August 25, 2019 12:25 AM IST
ന്യൂഡൽഹി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെണ്‍കുട്ടികൾ അരക്ഷിതരാണെന്ന മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ പരാമർശം തള്ളി മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ്. കോടതി വിധിയിൽ അത്തരത്തിലൊരു പരാമർശം നടത്താൻ പാടില്ലായിരുന്നു. ഈ കാര്യം ജഡ്ജിയോടു തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതൊരു മാനസികാവസ്ഥയുടെ പ്രശ്നമാണ്. ന്യൂനപക്ഷങ്ങളുടെ അടക്കം എല്ലാവിധ വൈവിധ്യങ്ങളുടെ സംരക്ഷണവും ഭരണഘടന ഉറപ്പു നൽകുന്നതാണ്. ഈ യാഥാർഥ്യങ്ങൾ എല്ലാംകൂടി ചേർന്നതാണ് ഇന്ത്യ. ഭരണഘടനയിൽ പ്രശ്നങ്ങളില്ല. എന്നാൽ, പലപ്പോഴും ഭരണഘടന കൈകാര്യം ചെയ്യുന്നവരാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓൾ ഇന്ത്യ കാത്തലിക് യൂണിയന്റെ ശതാബ്ദിയാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞ ദിവസം "ഭരണഘടനയും ന്യൂനപക്ഷവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജസ്റ്റീസ് കുര്യൻ ജോസഫ്. ഡൽഹി അതിരൂപത അധ്യക്ഷൻ ബിഷപ് ഡോ. അനിൽ കൂട്ടോ ഉദ്ഘാടനം ചെയ്ത ആഘോഷപരിപാടികളുടെ സമാനപന ചടങ്ങിൽ ഇന്നലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മുഖ്യാതിഥിയായി. ഉദ്ഘാടന ദിവസം നടന്ന സെമിനാറിൽ റാഞ്ചി രൂപത അധ്യക്ഷൻ ബിഷപ് ഡോ. തിയഡോർ മസ്കരീനാസ്, അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി നബാം തുക്കി, സിബിസിഐ സെക്രട്ടറി ജനറൽ റവ.ഡോ. എ. ചിന്നപ്പൻ, ഡോ. ജോണ്‍ ദയാൽ എന്നിവരും സംസാരിച്ചു.