വോട്ടെടുപ്പ് ഇന്നു പൂർത്തിയാകും
Sunday, May 19, 2019 12:26 AM IST
ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ഇന്ന് ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 59 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പു നടക്കും. ഉത്തർപ്രദേശിൽ 13, പശ്ചിമബംഗാളിൽ 9, പഞ്ചാബിൽ13, മധ്യപ്രദേശിൽ 8, ജാർഖണ്ഡിൽ 3, ഹിമാചലിൽ 4, ചണ്ഡീഗഡിൽ1 എന്നിങ്ങനെയാണ് ഇന്നു തെരഞ്ഞെടുപ്പു നടക്കുന്നത്. പോളിംഗ് പൂർത്തിയാകുന്നതോടെ വിവിധ ഏജൻസികൾ തയാറാക്കിയിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടും.
പത്തു കോടിയലധികം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തി ലെത്തും. 912 സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. ഒരു ലക്ഷത്തിലധികം പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. കനത്ത സുരക്ഷയിലാണ് പശ്ചിമ ബംഗാൾ. 2014ൽ ഈ 59 സീറ്റുകളിൽ 40 സീറ്റിലും എൻഡിഎയാണ് വിജയിച്ചത്. 32 സീറ്റിൽ ബിജെപി ജയിച്ചപ്പോൾ സഖ്യകക്ഷികൾ എട്ട് സീറ്റുകൾ നേടി. കോണ്ഗ്രസ് മൂന്ന് സീറ്റിലും ജയിച്ചു. തൃണമൂൽ കോണ്ഗ്രസ് ഒന്പത്, ആംആദ്മി പാർട്ടി നാല് സീറ്റുകളിലും ജെഎംഎം രണ്ട് സീറ്റുകളിലും ജെഡി-യു ഒരു സീറ്റിലുമാണ് അന്നു വിജയിച്ചത്.
പശ്ചിമബംഗാളിലെ ബിജെപി തൃണമൂൽ സംഘർഷവും സാധ്വി പ്രഗ്യാസിംഗിന്റെ ഗോഡ്സെ ദേശസ്നേഹി പരാമർശവുമാണ് അവസാനഘട്ടത്തിൽ ഏറെ ചർച്ചയായത്. പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചുവർഷത്തിനിടെ ആദ്യമായി വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ്.
വാരാണസിയിൽ മത്സരിക്കു ന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അവസാനഘട്ടത്തിലെ പ്രമുഖൻ. ബിഹാറിലെ പാറ്റ്ന സാഹിബിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ബിജെപി വിട്ട് കോണ്ഗ്രസിൽ ചേർന്ന സിറ്റിംഗ് എംപി ശത്രുഘ്നൻസിൻഹയും ഏറ്റുമുട്ടുന്നു. കേന്ദ്രമന്ത്രി രാംകൃപാൽ യാദവ്, മുൻ ലോക്സഭാ സ്പീക്കർ മീരാകുമാർ, ലാലുപ്രസാദ് യാദവിന്റെ മകൾ മിസാ ഭാരതി എന്നിവരും ജനവിധി തേടുന്നുണ്ട്.