രണ്ടാം ഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ്
Thursday, April 18, 2019 11:13 PM IST
ന്യൂഡൽഹി: 95 ലോക്സഭാ മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും തമിഴ്നാട്ടിലെ 18 നിയമസഭാ മണ്ഡലങ്ങളിലും ഇന്നലെ തെരഞ്ഞെടുപ്പ് നടന്നു. തമിഴ്നാട്ടിലെ 38 ലോക്സഭാ മണ്ഡലങ്ങളും കർണാടകത്തിലെ 14 മണ്ഡലങ്ങളും ഇന്നലെ വിധിയെഴുതി. 11സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. തമിഴ്നാട്ടിൽ 69.55 % പോളിംഗ് രേഖപ്പെടുത്തി.
യുപി(62.30%), ഛത്തീസ്ഗഡ്(69%), മഹാരാഷ്ട്ര(57.22%), ബംഗാൾ(77%), ആസാം(73%) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയ പോളിംഗ്. മഹാരാഷ്ട്രയിൽ 2014 തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞു.
ഒറ്റപ്പെട്ട ചില അക്രമസംഭവങ്ങളൊഴിച്ചാൽ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മുൻ കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്ലി, കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ, പൊൻ രാധാകൃഷ്ണൻ തുടങ്ങിയവരാണ് ഇന്നലെ ജനവിധി തേടിയ പ്രമുഖർ.