ടി.ടി.വി. ദിനകരന്റെ അനുയായിയിൽനിന്ന് 1.48 കോടി പിടിച്ചെടുത്തു
Thursday, April 18, 2019 12:43 AM IST
ചെന്നൈ: തമിഴ്നാട്ടിലെ തേനിയിൽ ഇന്നു നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആണ്ടിപ്പെട്ടി മണ്ഡലത്തിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച കോടികൾ പിടിച്ചെടുത്തു. ടി.ടി.വി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കൾ മുന്നേറ്റ കഴകം പ്രവർത്തകരിൽ നിന്നാണു പണം പിടിച്ചെടുത്തത്. ഓരോ വോട്ടർക്കും 300 രൂപ വീതം വിതരണം ചെയ്യാനായി കവറിലാക്കിയ പണം പ്രത്യേകം പൊതികളിൽ കൊണ്ടുവരികയായിരുന്നു. രണ്ടുദിവസമായി തുടരുന്ന റെയ്ഡിൽ 1.48 കോടിരൂപയാണ് ആദായനികുതിവകുപ്പ് പിടിച്ചെടുത്തത്. പണം വിതരണം ചെയ്യേണ്ട വാർഡിന്റെ നന്പറും മൊത്തം വോട്ടർമാരുടെ എണ്ണവും കവറിനു പുറത്ത് രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണു റെയ്ഡു പൂർത്തിയായതെന്ന് ആദായനികുതി വകുപ്പ് ഡയറക്ടർ ജനറൽ ബി. മുരളി കുമാർ പറഞ്ഞു. വോട്ടർമാരെ സ്വാധീനിക്കാൻ പണം എത്തിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചൊവ്വാഴ്ചയാണു തേനിയിൽ പരിശോധന തുടങ്ങിയത്. റെയ്ഡിൽ പ്രതിഷേധിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ കഴിഞ്ഞദിവസം പോലീസ് ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. അമ്മ സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ പോസ്റ്റൽബാലറ്റും പരിശോധന നടത്തിയ വളപ്പിൽനിന്നു കണ്ടെത്തി.
500 ന്റെയും 2000 ത്തിന്റെയും നോട്ടുകെട്ടുകളാണ് റെയ്ഡിൽ കണ്ടെത്തിയത്. റെയ്ഡ് പുരോഗമിക്കുന്നതിനിടെ ജില്ലാ കലക്ടറും പോലീസ് മേധാവിയും സ്ഥലത്തെത്തിയിരുന്നു.