സർവകലാശാലയിൽ നടക്കുന്നത് സമരാഭാസം: കെ. മുരളീധരൻ
Friday, July 18, 2025 2:42 AM IST
തൃശൂർ: ബിജെപിയെ എതിർക്കുന്നെന്നു മേനികാണിക്കാൻവേണ്ടിയുള്ള സമരാഭാസമാണു എസ്എഫ്ഐയും ഡിവൈഎഫ്ഐയും നടത്തുന്നതെന്നു കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ. ജയിക്കുന്നത് ആരായാലും കുട്ടികളുടെ ഭാവിയാണു നശിക്കുന്നത്.
ഉന്നതവിദ്യാഭ്യാസരംഗം തകർന്നു തരിപ്പണമായി. വിദ്യാർഥിസംഘടനകളെ ഇളക്കിവിട്ടു സമരാന്തരീക്ഷം സൃഷ്ടിക്കുന്നതു ശരിയല്ല. മുഖ്യമന്ത്രി ഗവർണറുമായി സംസാരിച്ചു പ്രശ്നം പരിഹരിക്കണം. അല്ലെങ്കിൽ ഗവർണർക്കെതിരേ രാഷ്ട്രപതിക്കു കത്തയയ്ക്കണം.
സംസ്ഥാനത്തു സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽമാരില്ല. ഗവർണറല്ല പ്രിൻസിപ്പൽമാരെ നിയമിക്കുന്നത്. മന്ത്രി ആർ. ബിന്ദു എന്തെടുക്കുകയാണെന്നും മുരളീധരൻ ചോദിച്ചു. കൊല്ലത്ത് കുഞ്ഞിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.